കൊച്ചി: സാമൂഹിക വികസനത്തിനും അടിസ്ഥാന സൗകര്യ, വ്യവസായ മേഖലകള്‍ക്കും ഊന്നല്‍ നല്‍കുന്നതാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് എന്ന് ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്മാന് വി.പി. നന്ദകുമാര്‍.
തിരുവനന്തപുരം മുതല്‍ അങ്കമാലി വരെയുള്ള എംസി റോഡ് വികസനത്തിനായി 5217 കോടി രൂപ അനുവദിച്ചത് ദീര്‍ഘകാല ആവശ്യത്തിനുള്ള അംഗീകാരമാണ്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ റീജണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം നടപ്പാകുന്നതോടെ കേരളത്തിന്റെ സമ്പദ്വ്യവസ്ഥയില് വിപ്ലവകരമായ മാറ്റങ്ങളുണ്ടാകും.
വിഴിഞ്ഞം തുറമുഖം, ചവറ, കൊച്ചി തുറമുഖം എന്നിവയെ ബന്ധിപ്പിച്ചുകൊണ്ട് നിര്‍ദേശിച്ചിട്ടുള്ള റെയര്‍ എര്‍ത്ത് കോറിഡോര്‍ സംസ്ഥാനത്തെ ലോജിസ്റ്റിക്സ് മേഖലയ്ക്ക് വലിയ കരുത്തേകും.
കൂടാതെ, വര്‍ക്ക് ഫ്രം ഹോം അടിസ്ഥാന സൗകര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 50 കോടി രൂപ അനുവദിച്ചതും വയോജന കേന്ദ്രങ്ങള്‍ക്കും റിട്ടയര്‍മെന്റ് ഹോമുകള്‍ക്കും പ്രാധാന്യം നല്കിയതും കാലഘട്ടത്തിന്റെ ആവശ്യമാണെന്നും വി.പി. നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.